
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂത്ത് വെൽഫെയർ വകുപ്പിൻ്റേയും ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിൻ്റേയും നേതൃത്വത്തിൽ സർവകലാശാലയിലെ അധ്യാപകർക്കായി മാനസീക ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒന്നാം ഘട്ടമായി സ്കൂൾ ഓഫ് എൻജിനിയറിങിലെ അധ്യാപകർക്കായി എൻജിനീയറിംങ് ക്യാമ്പസിൽ പരിശീലന പരിപാടി നടന്നു. പുതു തലമുറയിൽ പെട്ട വിദ്യാർത്ഥികളെ മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിനും ഉള്ള വിവിധ മാനസിക ആരോഗ്യ രീതികളെപ്പറ്റി വിദഗ്ദർ ക്ലാസ്സുകൾ നയിച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിണ്ടിക്കേറ്റ് അംഗം ഡോ പി അബ്ദുള്ള, രജിസ്ട്രാർ ഡോ. അരുൺ എ. യു , എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ മാനസിക ആരോഗ്യ പരിശീലന നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ, ഡോ. വിനീത മേരി തോമസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. വിനോദ് എസ്. എസ്, മാനസിക ആരോഗ്യ മിഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. വിജിൻ എം എസ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഡോ. ധന്യ ടി നന്ദി പറഞ്ഞു. സർവ്വകലാശാലയിലെ മുഴുവൻ അധ്യാപകർക്കും തുടർ ദിവസങ്ങളിൽ ഈ പരിശീലന പരിപാടി നടത്തുമെന്ന് യൂത്ത് വെൽ ഫെയർ വകുപ്പ് ഡയറക്ടർ ഡോ. പി. കെ ബേബി അറിയിച്ചു.
Photo Courtesy - Google









